നിരാസം
നിർദയമെൻ കൺമുമ്പിൽ
നിന്മുഖം കാണിക്കുവാൻ
നിത്യവുമെത്തിയെന്നെ
മർദ്ദനമേൽപിക്കാതെ
സ്വസ്ഥമായിരിക്കുവാൻ
സമ്മതിക്കണമെന്നെ
പ്രേതമായി വന്നു നീയെൻ
പാതകൾ മുട്ടിക്കല്ലെ
മധുരപദങ്ങളിൽ
പൊതിഞ്ഞ കാപട്യത്തെ
മനസ്സിലാക്കാൻ വൈകി
യെന്നതാണെൻ ദൗർഭാഗ്യം
തുലച്ചതെത്രയാണെൻ
സമയം നിന്നെതേടി
തുറന്ന് തരാനെന്റെ
യുൾത്തടം നിനക്കായ്.
ഒടുവിൽ തുറന്നു ഞാൻ
നേത്രങ്ങൾ രണ്ടുമപ്പോൾ
കഠിനമായി കണ്ടു നിൻ
മനസ്സിന്നുള്ളറകൾ.
അവിടെക്കൊരിക്കലും
കടക്കാൻ കഴിയില്ലെൻ
നിർമല മനസ്സിനെൻ
സോദരീ പോകണം നീ
എങ്ങനെ വഴി പിഴ
ച്ചെത്തിഞാൻ നിൻവഴിയി
ലിത്തരക്കാരി നീയെ
ന്നറിയാതബദ്ധത്തിൽ.
എന്തിനു പാഴാക്കണ
മിനിയുമെൻ വാക്കുകൾ
പിരിയണമെന്നെ നീ
തിരിഞ്ഞു പോകൂ വേഗം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ